ഇങ്ങളാര നേറ്വോ? !!!

(ഒരു ദേശത്തിനു പാതിരാ നീലാണ്ടന്റെ സംഭാവന)

 
 
അന്നും പതിവ്  പോലെ നീലാണ്ടൻ  കോളനി കുന്നിറങ്ങി. വലതു തോളിൽ ഒരു കെട്ടു വിറകും ഇടതു തോളിലെ ചാക്കിൽ കുറച്ചു കപ്പയും. ഇത്രയും ഭാരം തോളിലേറ്റിയിട്ടും നീലാണ്ടന്റെ കാലുകൾക്ക് നല്ല വേഗത. ഇനി ഈ കുന്നു തിരിച്ചു കേറുന്നത് പാതിര ആകുമ്പോൾ ആകും. അത് കൊണ്ട് തന്നെ നീലാണ്ടനു   പാതിര നീലാണ്ടൻ എന്ന് പേരും കിട്ടി.
 
നടക്കുന്തോറും കാലുകൾക്ക് വേഗത പോര എന്ന് തോന്നിയിട്ടാകും ചിലപ്പോൾ നീലാണ്ടൻ ഓടാൻ തുടങ്ങും. ഭാരം ഇറക്കി വെക്കാനുള്ള വ്യഗ്രത കൊണ്ടൊന്നുമല്ല, അങ്ങാടിയിൽ ഇത് കൊണ്ട് വിറ്റു കിട്ടുന്ന കാശ് കൊണ്ട് വേണം കോളനിപ്പടി ഷാപ്പിൽ നിന്നും മൂക്കറ്റം മോന്താൻ. നേരം വൈകിയാൽ ചിലപ്പോൾ കിട്ടുന്ന ക്വോട്ട കുറഞ്ഞു പോകും. 
 
ഷാപ്പിൽ കേറുന്ന നീലാണ്ടനെ അവിടുന്ന് പുറത്തിറക്കാൻ ഷാപ്പുകാരന് കുറെ പണി പെടണം. പുറത്തിറങ്ങി കഴിഞ്ഞാൽ നീലാണ്ടൻ കലാപരിപാടികൾ തുടങ്ങും. റോഡിൻറെ നീളവും വീതിയും അളക്കുക, ഷാപ്പുകാരൻ ആണെന്ന് കരുതി വൈദ്യുതി പോസ്റ്റിനെ ആര് കേട്ടാലും അറക്കുന്ന ചീത്ത വിളിക്കുക, വഴിയിൽ കാണുന്നവരോടൊക്കെ ഒന്നും രണ്ടും പറഞ്ഞുടക്കുക തുടങ്ങിയവ. നീലാണ്ടന്റെ ഈ അവസ്ഥ കണ്ടു സഹിക്കാൻ കഴിയാതെ ആ നാട്ടിലെ ഒരു സ്കൂൾ മാസ്റ്റർ നീലാണ്ടനെ ഉപദേശിക്കാൻ തുടങ്ങി. മാഷ് സംസാരിച്ചതെല്ലാം കേട്ട് നിന്ന നീലാണ്ടൻ അവസാനം ചോദിച്ചു 
 
ഇങ്ങളാര നേറ്വോ? !!!

( നേറ്വോ – നെഹ്രുവാണോ…നീലാണ്ടന്റെ അറിവിൽ നെഹ്‌റു ആയിരുന്നു ഏറ്റവും വലിയ ആൾ.)

 
ഉപദേശിക്കാൻ പോയ മാഷ് ശശി ആയെങ്കിലും ആ ദേശക്കാർ നീലാണ്ടനോട് കടപെട്ടു.
 
കാരണം 
 
ഇപ്പോൾ അനാവശ്യമായ കാര്യങ്ങളിൽ തലയിട്ടു ഉപദേശിക്കുകയും ചോദിക്കുകയും ചെയ്യുന്നവരോട്  പ്രായഭേദമില്ലാതെ എല്ലാവരും ചോദിക്കും 
 
ഇങ്ങളാര നേറ്വോ? !!!
Advertisements

അങ്ങനെ ഞാനും ഹൈക്കി ആയി ..:)

നിനക്കെന്താ എന്നും ഇല്ലാത്ത ഒരു ആലോചന ഇന്ന്?

ഞാൻ കവിത എഴുതുന്നതിനെ കുറിച്ച് ആലോചിക്കുകയാ

കവിതയോ ? നിന്റെ തമാശ കേട്ടു കേട്ടു എന്റെ ഹുമർ സെന്സ് അടിച്ചു പോയി ,വായോളിരാഗം കേട്ടു പാട്ട് കേൾക്കുന്നത് തന്നെ ഞാൻ നിർത്തി, ഇനിയിപ്പോൾ കവിത എഴുതി എന്റെ വായനശീലം കൂടെ നിർത്തിക്കല്ലേ എന്റെ പൊന്നെ

അതല്ല ഞങ്ങടെ ക്ളബ്ബിൽ എല്ലാരും കവിത എഴുതുന്നു അപ്പോൾ ഞാനും എഴുതണ്ടേ?

ഓ അങ്ങനെ, അപ്പോൾ മത്സര ബുദ്ധി ആണു , കൊക്കിൽ ഒതുങ്ങുന്നത് കൊത്തിയാ പോരെ മോളു

നിങ്ങൾക്കറിയുമോ സ്മിതയും പിഗ്മയും വിഷ്ണുവും വരെ കവിത എഴുതുന്നുണ്ട് . അപ്പോൾ ഞാൻ ഒരു ഹൈകു എങ്കിലും എഴുതണ്ടേ?

ഹൈകുവോ അതെന്തു കുന്തം?

അതൊക്കെ ഉണ്ട് മൂന്നു വരിയിൽ ഒരു നീണ്ട പദ്യം വായിച്ച പോലെ ഉള്ള എഫ്ഫക്റ്റ്‌ തരണ സംഭവമാ. അതൊന്നും പറഞ്ഞാൽ നിങ്ങൾക്കു മനസിലാകുല്ല . വിഷ്ണു ഹിന്ദിയിൽ ആണു എഴുതുന്നത്‌ . അപ്പോൾ ഡിഗ്രി വരെ ഹിന്ദി സെക്കന്റ്‌ ലാംഗ്വേജ് ആയി പഠിച്ച ഹിന്ദി സുഗമ പരീക്ഷ പാസ്സായ ഞാൻ ഹിന്ദിയിൽ എങ്കിലും രണ്ടു വരി കുറിക്കണം .അതാണിപ്പോൾ ആലോചിക്കുന്നത്

അവിടെ വേറേം കവികൾ , രാമൻ , കൃഷ്ണദാസ്‌ , ഷാജി ഒക്കെ ഉണ്ടെന്ന്നു ആണല്ലോ നീ പറഞ്ഞത് . അവരുടെ കവിത കാണുമ്പോൾ തോന്നാത്ത സൂക്കേട്‌ ഇപ്പോൾ എവിടെ നിന്നും വന്നു?

രാമനും കൃഷ്ണനും ജനിച്ചപ്പോഴേ കവിതയുമായി വന്നവരാ . അവരോടൊക്കെ മത്സരിക്കാൻ പോയാൽ ഷീല ദീക്ഷിതിനും അപ്പുക്കുട്ടനും ഒക്കെ പറ്റിയ പോലെ ആകും. ഞാൻ ക്ളബ് വിട്ടു ഓടേണ്ടി വരും . പുണ്യാളൻ വീർപ്പു മുട്ടിയ വികാരങ്ങളെ ആണ് കവിത ആക്കുന്നത് .

നിനക്ക് വികാരങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നീ അതേ കുറിച്ചു ആലൊചിക്കയെ വേണ്ട. നീ വല്ലതും ഉണ്ടാക്കാൻ നോക്കു, മനുഷ്യന് വിശക്കുന്നു.

അല്ലെങ്കിലും നിങ്ങൾക്കങ്ങനെ ആണല്ലോ സ്വന്തം കാര്യം മാത്രം. എന്റെ ഒരു വിഷമം പറഞ്ഞാൽ കേൾക്കാനും ആശ്വസിപ്പിക്കാനും ആരുമില്ല..എന്നാലും ഞാൻ ഹൈകു എഴുതും

അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോൾ ഞെട്ടിൽ നിന്ന് വിട്ടു തൂങ്ങി നില്ക്കുന്ന ഒരില..ഹൈകു വരുന്ന വഴിയേ

ജീവിതം

ഞെട്ടറ്റു തൂങ്ങുന്നില പോലെ
തൂങ്ങിയാടുന്നീ ജീവിതം

വാഹ്‌ ബേബി വാഹ്‌ ..കൊള്ളാല്ലോ

(ആത്മപ്രശംസ ഒന്നുമല്ല . ആരും അഭിനന്ദിക്കാൻ ഇല്ലാത്തപ്പോൾ സ്വയം അഭിനന്ദിക്കണം എന്ന് പണ്ട് ഹാഫിസ് മുഹമ്മദ്‌ സർ പറഞ്ഞിട്ടുണ്ട് )

വട്ടെഴുത്തുകൾ

മഴ 

മലനിരകളിൽ നിന്നും ഇരമ്പിയെത്തി നെൽവയലുകളെ തൊട്ടു തലോടി ഇറയിൽ നിന്നും ഒഴുകിയെത്തുന്ന ഓർമ  മാത്രം ആയിരിക്കുന്നു ഇന്ന് മഴ . കുട ചൂടാതെ മഴ നനഞ്ഞെത്തി കുഴിയടിയിൽ (മേൽകൂരയിൽ നിന്നുള്ള മഴവെള്ളം എല്ലാം ഒരു ഭാഗത്ത്‌ മാത്രം വീഴാൻ ആയി തകരം കൊണ്ടുണ്ടാക്കിയ ഒരു സംഭവം) നിന്ന് കുളിച്ചു കേറി അമ്മ തരുന്ന കട്ടൻ കാപ്പി കുടിച്ചു വീണ്ടും ഇറയിൽ നിന്നും വീഴുന്ന മഴവെള്ളത്തിൽ കയ്യും കാലം  നനച്ചു മഴയെ സ്നേഹിച്ചു, പ്രണയിച്ചു , തൊട്ടു തലോടി ഉമ്മ വെച്ച കാലം ഇനി തിരികെ വരില്ല . ഇന്ന്  മഴയെ  പേടി ആണ്. മഴവെള്ളത്തോടൊപ്പം കവിഞ്ഞൊഴുകുന്ന അഴുക്കുചാൽ,കുടയിൽ വീഴുന്ന മഴതുള്ളികൾക്കൊപ്പം കറുത്ത നിറത്തിലുള്ള എന്തൊക്കെയോ.  മഴയെ വെറുത്തു പോകുന്നു ചിലപ്പോഴൊക്കെ. ഓഫീസ്  വിടുന്ന സമയത്ത് മഴ പെയ്യരുതെ എന്നാണ്  പ്രാര്ത്ഥന. ഇന്ന് മഴയോട് അല്പമെങ്കിലും സ്നേഹം തോന്നുന്നത് വയനാടൻ  ചുരം കേറുമ്പോൾ ആണ് .  മരങ്ങളിൽ വീഴുന്ന  മഴയുടെ  ശബ്ദം പഴയ കാലത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുമ്പോൾ സീറ്റിൽ ചാഞ്ഞിരുന്നു കണ്ണുകൾ  അടച്ചു പഴയ കാലപ്രണയം  മഴയോട് പങ്കിടുമ്പോൾ ഞാൻ അറിയാതെ മഴയെ വീണ്ടും സ്നേഹിച്ചു പോകുന്നു.

മുഖം മൂടികൾ 

ചുറ്റും മുഖം മൂടികൾ ആണ് . വികാരവിക്ഷോഭങ്ങളെ ഉള്ളിൽ ഒളിപ്പിച്ചു ചിരിക്കുന്ന മുഖം മൂടികൾ. ഇടയ്ക്ക്  അറിയാതെ പുറത്തേക്കു നീളുന്ന ദംഷ്ട്രങ്ങളെ ആരും കാണാതെ ഉള്ളിലേക്ക്  വലിച്ചെടുത്തു ചിരിക്കുന്ന മുഖം മൂടികൾ. ഇതിനിടയിൽ യഥാർത്ഥ മുഖവുമായി എത്ര നാൾ? ഞാനും അണിയുകയാണ് ഒരു മുഖം മൂടി. ഭംഗിയുള്ള ചിരിയോടു കൂടിയ മുഖം മൂടി. കഴുത്ത് ഞെരിച്ചു കൊല്ലാൻ ഉള്ള ദേഷ്യം ഉള്ളിൽ തിളക്കുമ്പോഴും നിറഞ്ഞ ചിരിയോടെ നില്ക്കുന്ന മുഖം മൂടി. അല്ലെങ്കിൽ ഒരു നിസ്സംഗതയുടെ മുഖം മൂടി ആയാലോ? ഭൂമി കീഴ്മേൽ മറിഞ്ഞാലും ഇതൊന്നും എന്നെ ബാധിക്കുന്നതേയല്ല എന്ന മട്ടിൽ തിരിഞ്ഞു നടക്കാനും മൌനത്തിന്റെ കൂട്ടിൽ ഒളിക്കാനും പറ്റിയത് നിസ്സംഗത തന്നെ.എന്റെ കണ്ണുകളിലേക്കു ഇങ്ങനെ തറപ്പിച്ചു നോക്കരുതേ . ചിരിക്കുന്ന മുഖത്തിന്‌ പിന്നിലെ വെറുപ്പ്‌, ദേഷ്യം, പുച്ഛം , അസൂയ ഒക്കെ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കും അതുമല്ലെങ്കിൽ നിങ്ങൾ അണിഞ്ഞ മുഖംമൂടി അഴിഞ്ഞു വീഴും. 

നിഴൽ 

നിഴലുകൾക്കിടയിൽ സ്വയം   തേടുകയാണ് ഞാൻ. നീണ്ടു കിടക്കുന്ന സൂര്യരശ്മികൾ,അരികു ചിതറിയ നിഴലുകൾ ഇതിൽ എവിടെയാണ് ഞാൻ എന്നെ കണ്ടെത്തുക?സൂര്യനോടൊപ്പം മറയുന്ന നിഴലിനൊപ്പം, കണ്ടെത്താനാകാത്ത എന്നെ തേടി, നിഴലുകൾക്കിടയിലെ   മറ്റൊരു നിഴലായി വീണ്ടുമൊരു സൂര്യോദയത്തിനായി കാത്തിരിക്കുന്നു 

എൻ വഴി തനി വഴി …

മുറിഞ്ഞു പോയ കണ്ണികളെ  വാക്കുകളാൽ കൂട്ടി ചേര്ക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു നീ . എന്റെ കാതുകളിലേക്ക്  അവയൊന്നും എത്തുന്നില്ല എന്ന് നീ അറിയാതെ പോയതെന്ത് ?. നിനക്കാത്ത  നേരത്ത് മനസിന്നുള്ളിൽ രക്തം പൊടിയുന്ന ഒരു ഓര്മ മാത്രം ആയി നീ മാറി എന്നത് എങ്ങനെ ആണ് ഞാൻ പറഞ്ഞു മനസിലാക്കേണ്ടത്?

കള്ളം പറയുന്നവരെ എനിക്കിഷ്ടമില്ല എന്ന് ഞാൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ ?എന്റെ പ്രാർത്ഥനകൾ ഒന്നും പണ്ടേ ദൈവം കേള്ക്കാറില്ല എന്നത് ഓര്ക്കാതെ നീ  കള്ളം പറഞ്ഞാലും അത് എനിക്ക് മനസിലാകാതെ ഇരിക്കണേ  എന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷെ, ചില കാര്യങ്ങൾ നമ്മൾ വേണ്ട എന്ന് വെച്ചാലും നടക്കാതിരിക്കില്ലല്ലോ .
നുണകൾ ഉണ്ടാക്കുന്ന മുറിവിൽ  സ്നേഹം വാരി തേച്ചു ഉണക്കാനുള്ള ശ്രമങ്ങൾ പാഴായപ്പോൾ, ചേർത്ത് വെച്ച കണ്ണികൾ തുരുമ്പെടുക്കാൻ തുടങ്ങിയത് അറിയാഞ്ഞതല്ല. ബന്ധനങ്ങളിൽ നിന്നും സ്വയം മോചിപ്പിക്കാൻ അത് കണ്ടില്ലെന്നു നടിച്ചു. അതുകൊണ്ട് വാക്കുകളുടെ മാന്ത്രികതയാൽ കണ്ണികളെ ചേർത്ത് വെക്കാനുള്ള നിന്റെ ശ്രമം വെറുതെ ആണ്. എച്ചുകെട്ടാനാകാത്ത വണ്ണം അത് തുരുമ്പെടുത്തിരിക്കുന്നു.  രണ്ടു വഴികളിലൂടെ നടന്നിരുന്ന നമ്മൾ ഒരു വഴിയിൽ എത്തിച്ചേർന്നതും കൂടെ നടന്നതും നിറമുള്ള ഓർമ്മകൾ ആയി ഇരിക്കട്ടെ. അറിയാതെ എങ്കിലും എനിക്കും നിനക്കും വഴി തെറ്റിയിരിക്കുന്നു .നിറമുള്ള ഓർമ്മകളുമായി നിറഞ്ഞ പുഞ്ചിരിയോടെ നമുക്ക് നടക്കാം സ്വന്തം വഴികളിലൂടെ …

ഒരു പെണ്ണിന്റെ ദുഃഖം

ഇന്നും നേരം വൈകി,  കഴിഞ്ഞ കുറെ ദിവസങ്ങള് ആയി ഇങ്ങനെ ആണ് , കുപ്പിയില് നിന്നും വന്ന ഭൂതത്തെ പോലെ പണി എടുത്തു മടുത്തു. ‘നേരം വൈകുന്ന ദിവസങ്ങളില് ആ ഇടവഴിയിലൂടെ പോകണ്ടാട്ടോ,  അത്ര ശരിയല്ല ആ വഴി, മെയിന്‍  റോഡ്‌ വഴി പോയാ  മതി” എന്ന് ഓഫീസിലുള്ള തലമൂത്തവര്‍ എല്ലാം പറയുന്നതാണ്. ഓടി പോകുന്ന ധൃതിയില്‍,   എളുപ്പത്തില്‍ എത്താന്‍  വേണ്ടി ഇടവഴി തന്നെ തിരഞ്ഞെടുത്തു.

ഒരു മനുഷ്യ ജീവി പോലുമില്ല വഴിയില് . ഈ വഴിക്കെന്താ ശരികേട് എന്നാലോചിച്ചു ആരുമില്ലല്ലോ  എന്ന ധൈര്യത്തില്‍ ഒരു പാട്ടും മൂളി വേഗത്തില്‍ നടക്കുമ്പോള്‍ ആണ് ഒരു ഇടവഴിയില്‍ നിന്നും ഒരു രൂപം മുന്നിലേക്ക്‌ ചാടിയത്‌ .താടിയും മുടിയും മുഴിഞ്ഞ വസ്ത്രവും. മനസ്സില് ബ്രേക്കിംഗ് ന്യൂസ്‌ സ്ക്രോള്‍ ചെയ്തു. ഈശ്വരാ ഇനിയിപ്പോള്‍ എന്താ ചെയ്യുക , മെല്ലെ തല ചെരിച്ചു പിറകിലേക്ക് നോക്കി , വഴിയിലെവിടെയും ഒരു പട്ടിക്കുട്ടി പോലുമില്ല. ചോര്ന്നു പോകുന്ന ധൈര്യത്തെ ചേര്ത്തുപിടിച്ചു മുഖം കടുപ്പിച്ചു മുന്നോട്ടു നടക്കാന്‍ തുടങ്ങിയതും അയാള്‍ നേരെ മുന്നില് വന്നു നിന്നു . ഒരു വാര അപ്പുറം പോലിസ് സ്റ്റേഷന് ഉണ്ട് , ഉറക്കെ നിലവിളച്ചാലോ എന്ന് മനസിലോര്ത്തതും അയാള്‍ ചുണ്ട് വിടര്ത്തി ഒരു ചിരി ചിരിച്ചു . തെലുങ്ക് സിനിമയില്‍ കാണുന്ന വില്ലിന്റെ ചിരി

” എന്തേലും തരുമോ ചായ കുടിക്കാന്‍, വല്ലാതെ വിശക്കുന്നു ”

ചിരിക്കു കൂട്ടായി വന്ന ശബ്ദത്തില്‍ ഒരു കുഞ്ഞിന്റെ ദീനത . വേഗം ബാഗ്‌ തുറന്നു കയ്യില്  കിട്ടിയതു  എടുത്തു അയാളുടെ കയ്യിലെക്കിട്ടു മുന്നോട്ടു  നടക്കുമ്പോള്‍ അതോ ഓടിയതാണോ  മനസ്സില്‍ ശപിച്ചത്‌ ന്യൂസ്‌ ചാനെല്സിനെ . വെറുതെ മനുഷ്യനെ പേടിപ്പിക്കാന് ആയി ഓരോ ബ്രേക്കിംഗ് ന്യൂസ്‌  കൊടുക്കും..ഇപ്പോള്‍ സഹജീവിയെ കാണുമ്പോള്‍ പേടി ആണ്.പണ്ടില്ലാത്ത പോലെ അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള ശ്രമം , കൂടെ കൂടെ ശരീരഭാഗങ്ങള്‍ എല്ലാം  മൂടികിടക്കുന്നുണ്ടോ എന്ന് ഒരു തീര്ച്ച വരുത്തല്‍. മനസമാധാനം മുഴുവന് പോയല്ലോ. ഒരു പെണ്ണിന്റെ ദുഃഖം ആരറിയാന്‍!!!

നേരം കെട്ട നേരത്തെ ചില (പ്രണയ) ചിന്തകള്‍

അരങ്ങും ആരവവും ഒഴിഞ്ഞു. പ്രണയം കൊണ്ടാടിയ  സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പേജുകള്‍ ഒഴിഞ്ഞ പൂര പറമ്പ് പോലെ ആയി. പ്രണയത്തെ  കുറിച്ച് വാ തോരാതെ പറഞ്ഞവര്‍ ഒന്നും ഫെബ്രുവരി പതിനാലിന് ശേഷം പ്രണയിക്കുന്നില്ലേ ആവോ? എന്തായാലുംചില പോസ്റ്റുകളും വാര്‍ത്തകളും കാണുമ്പോള്‍ ” കാതലുക്ക് കണ്കള്‍ ഇല്ലൈ യാരോ സൊന്നാനെ, മൂളയ് കൂടേ ഇല്ലൈ എന്ട്രു സോന്നേന്‍ നാനെ ” എന്ന തമിഴ് പാട്ട് ഓര്മ വരും.

ഐഡിയയും എസ് ബി ഐ ലൈഫും പരസ്യങ്ങളിലൂടെ  പ്രണയത്തിനു പ്രായമില്ല എന്നു കൊട്ടിഘോഷിക്കുംമ്പോഴും പ്രണയ ദിനത്തില്‍ പ്രണയത്തെ കുറിച്ച് എഴുതിയവരെല്ലാം ഒരു ചതുരവടിവില്‍  പിങ്ങുകളും ഉമ്മകളും , ഇ കാര്‍ഡ്‌ , ഇ ഗിഫ്ടുകളും മാത്രം ആയി ഒതുങ്ങുന്ന പ്രണയത്തെ ഓര്‍ത്തു പരിതപിച്ചു. നമ്മുടെ കാഴ്ചകള്‍ എല്ലാം ഒരു   ചതുരത്തില്‍  മാത്രം ആയി ഒതുങ്ങുമ്പോള്‍ പ്രണയം മാത്രം വിശാലം ആകണം എന്ന് വാശിപിടിക്കാമോ?

പ്രണയദിനത്തില്  തന്‍റെ പ്രണയിനിക്ക് ഇഷ്ടപെട്ട,അവള്‍ ഒരു പാട് തിരഞ്ഞു നടന്നിട്ടും കിട്ടാത്ത ഗാനങ്ങളുടെ കരോക്കേ ഉറക്കമിളച്ചിരുന്നു ഡൌണ്‍ ലോഡ് ചെയ്തു സി ഡി ആക്കി പ്രണയദിന സമ്മാനം ആയികൊടുത്ത ഒരു പ്രണയിതാവിനെ കണ്ടപ്പോള്‍ യഥാര്‍ത്ഥ പ്രണയം  നമ്മുടെ ഇടയില്‍ ഇടയില്‍ നിന്നും എങ്ങും പോയില്ല എന്ന്  അറിയുമ്പോള്‍ കുഴപ്പം നമ്മുടെ കാഴ്ചക്കല്ലെ എന്ന് തോന്നി പോകുന്നു.ഒട്ടും പ്രതീക്ഷിക്കാതെ ഒരു പാട് ആഗ്രഹിച്ച ആ സമ്മാനം കിട്ടിയപ്പോള്‍  അവനെ ചേര്‍ത്ത് പിടിച്ചു ഉമ്മ വെക്കുമ്പോള്‍ അവളുടെ കവിളിലൂടെ ഒഴുകിയ കണ്ണുനീരില്‍ പ്രതിഫലിച്ചത് അവന്റെ കണ്ണിലെ സ്നേഹത്തിന്റെ  കെടാവിളക്കുകള്‍ ആയിരിക്കും

‘There are times when it’s better to choose to love a person in silence, for in silence you will find no rejection’അജ്ഞാതന്‍ ആയ ഏതോ നിശബ്ദ പ്രണയിനി നിരാസനം പേടിക്കുന്നവര്‍ക്ക് നിശബ്ദമായും പ്രണയിക്കാം എന്ന് പറയുമ്പോള്‍,  അരികില്‍ അണയാതെ ദൂരെ മാറി നിന്ന്  കൃഷ്ണനെ പൂജിച്ച ഗോപികയുടെ സ്നേഹവും വേദനയും കൃഷ്ണാ നീയെന്നെ അറിയില്ല എന്ന  കവിതയിലൂടെ സുഗതകുമാരി വരച്ചു കാണിക്കുമ്പോള്‍ , അറിയുന്നു ഗോപികേ നിന്നെ ഞാന്‍ ഗോപികേ നീ നിന്നെ  അറിയുന്നതിനേക്കാളുമാധികമായി എന്ന് അയ്യപ്പ പണിക്കര്‍ മറുപടി പറയുമ്പോള്‍  പ്രണയം നിശബ്ദം ആയാലും ശക്തം തന്നെ എന്ന് മനസിലാക്കാം

പ്രണയിതാക്കളേക്കാള്‍  പ്രണയത്തിന്റെ പിരിമുറുക്കം കൂടുതല്‍ അനുഭവിക്കുന്നവര്‍ അവര്‍ക്കിടയിലെ ഹംസം ആണെന്ന് ആണ്  എന്നാണ്  തോന്നുന്നത് .സന്ദേശം കൃത്യ സമയത്ത് ആരുടേയും കണ്ണില്‍ പെടാതെ കൃത്യ സ്ഥലത്ത്    എത്തിക്കാന്‍ വേണ്ടി പെടുന്ന പാട്  കുറച്ചൊന്നുമല്ല. കുറെയേറെ പ്രണയങ്ങള്‍ക്ക് ഹംസവും കാവല്ക്കാരിയും ആയ അനുഭവിച്ചതിന്റെ  വെളിച്ചത്തില്‍ പ്രണയിക്കുകയെ വേണ്ട എന്ന ഒരു തീരുമാനം മനസ്സില്‍ ഉറഞ്ഞു കൂടി .പിന്നീടെപ്പോഴോ പ്രണയത്തിന്റെ ഇടവഴിയിലേക്ക് അറിയാതെ നടന്നെത്തിയപ്പോളും കഥകളിലും കവിതകളിലും വായിച്ചറിഞ്ഞ പ്രണയതീവ്രത സെന്സേരിംഗ് കഴിഞ്ഞു കയ്യിലെത്തുന്ന കത്തുകളില്‍ ‍  ഉണ്ടായിരുന്നില്ല .നാലു  വര്‍ഷത്തിനിടയിലെ രണ്ടു കൂടി കാഴ്ചകളില്‍ ചെമ്പകത്തിന്റെയും ഇലഞ്ഞിയുടെയും പ്രണയഗന്ധവും ഉണ്ടായിരുന്നില്ല.ആദ്യ കൂടികാഴ്ചക്ക് ഇന്ത്യന്‍ കോഫീ ഹൗസിലെ കാപ്പിയുടെ മണം ആയിരുന്നു.രണ്ടാമത്തേതിന് എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന സിഗരിറ്റിന്റെ മണവും.ഒരു പക്ഷെ തീവ്രത  അറിയാത്തതിനാല്‍ ആകാം വീട്ടുകാര്‍,ജാതി എന്നിവയുടെ  മുന്നില്‍ പരാജയപെട്ടു ഇവരെ ഒന്നും എതിര്‍ത്ത്  ജീവിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍
ഇടനെഞ്ചു പൊട്ടുന്ന വേദന  ഉണ്ടാകാതിരുന്നത്.

ഓര്‍മ്മകള്‍ ഇല്ലാതിരുന്നെങ്കില്‍ …..

“നിങ്ങള്‍ക്കു ദോശ ഉണ്ടാക്കാന്‍ അറിയുമായിരിക്കും അല്ലേ ?”

മൊരിച്ച ബ്രെഡ്‌ കഴിക്കുന്നതിടയില്‍ വന്ന ചോദ്യം എന്നതിലുപരി അതില്‍ അറിയുമെങ്കില്‍ ഉണ്ടാക്കി തരുമോ എന്ന ഒരു അപേക്ഷ ഒളിഞ്ഞു കിടക്കുന്നതായി എനിക്ക് തോന്നി.ഡിമെന്ഷ്യ ബാധിച്ച ആ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ ഒരു ഭൂതകാലം തെളിഞ്ഞു വന്നു.അര്‍ബുദ രോഗി ആയി ഭാര്യ മരിക്കുന്നതിനു മുന്‍പ് ഉണ്ടായിരുന്ന  ജീവിതം.ഓരോ ദിവസവും ഓരോ മെനു ആയിരുന്നു അവിടെ.ഒരു ഗ്ലാസ്‌ വെള്ളം പോലും ഭാര്യ എടുത്തു കൊടുത്തല്ലാതെ  അയാള്‍ കഴിക്കുന്നത്‌ കണ്ടിട്ടില്ല.മക്കളും ഭാര്യയും ഒത്തു നിലത്തു വട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യം.എല്ലാം  സമയത്ത് കൃത്യമായി ചെയ്തു വൃത്തി ആയി വസ്ത്രം ധരിച്ചു മാന്യം ആയി നടന്ന ഒരാള്‍.എല്ലാവരും നായര്‍സാബ് എന്ന്  വിളിച്ചിരുന്ന ഒരാള്‍.അങ്ങനെ ഒരാള്‍ ആണ് മുഷിഞ്ഞ  മുണ്ടും ബനിയനും ധരിച്ചു മുന്നില്‍  ഇരിക്കുന്നത് എന്നാലോചിച്ചപ്പോള്‍  എവിടെയോ ഒരു   വേദന   കൊളുത്തി വലിച്ചു.

ഓര്‍മയുടെ  കോശങ്ങള്‍ പലതും നശിച്ചു കഴിഞ്ഞിരിക്കുന്നു .ഓര്മിക്കേണ്ട കാര്യങ്ങള്‍ പലതും മറന്നു പോയിരിക്കുന്നു .മറക്കേണ്ട കാര്യങ്ങള്‍ , ആവശ്യമില്ലാത്ത പലതും,ഓര്‍ക്കുകയും ചെയ്യുന്ന ഒരാള്‍.സ്നേഹവും ശ്രദ്ധയും ഒരു പാട്  ആവശ്യമുള്ള സമയം.പക്ഷെ ആര്‍ക്കാണ്  നോക്കാന്‍ നേരം?   മെട്രോ ലൈഫിന്റെ സുഖം ആസ്വദിക്കുന്ന മക്കള്‍ക്ക്‌ അതിനുള്ള നേരമെവിടെ? വീട്ടില്‍ നിന്നും നാല് അടി പുറത്തേക്കു വെച്ചാല്‍ വാങ്ങാന്‍ പറ്റുന്ന  വരെ സാധങ്ങള്‍ വരെ   സമയകുറവ് കാരണം  ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍  സമയം എവിടെ?

ഒരു നിമിഷം അങ്ങേരെ   വീട്ടിലേക്കു കൂട്ടി   വന്നാലോ എന്ന്  ആലോചിച്ചു . പക്ഷെ  ചുറ്റും നിന്നും  ഉയര്‍ന്നെക്കാവുന്ന ചോദ്യങ്ങളെ കുറിച്ച്  ആലോചിച്ചപ്പോള്‍ ആ  ചിന്തയെ ഞാന്‍ താഴിട്ടു പൂട്ടി. പിന്നെ എനിക്ക് ചെയ്യാന്‍  കഴിയുന്നത്‌ മകനോട്‌   സംസാരിക്കുക  എന്നതായിരുന്നു . അച്ഛന്റെ അവസ്ഥയെ കുറിച്ച്  അന്വേഷിച്ച എന്നോട് അയാള്‍ വളരെ ശാന്തം ആയി പറഞ്ഞു

” he is absolutely normal..it is a matter of attention seeking,  nothing else. അമ്മ ഇല്ലാത്തതുകൊണ്ട്  ഒറ്റക്കാണ് എന്ന  തോന്നല്‍,  അതിന്റെ ഒരു റിയാക്ഷന്‍ .അത്രയേ ഉള്ളൂ “

ആ തോന്നല്‍ ഇല്ലാതാക്കാന്‍ എന്ത് ചെയ്തു എന്ന്  ചോദിച്ചപ്പോള്‍  ” ലൈഫ് ഈസ്‌ സിമ്പിള്‍, ഇത്ന മത് സോചോ, യെ ചോട്ടെ ദിമാഗ് ഫട്ട് ജായേന്ഗെ “

അത് എനിക്കുള്ള ഒരു  സിഗ്നല്‍ ആയിരുന്നു,അതിനെ പറ്റി കൂടുതല്‍ സംസാരിക്കേണ്ട. സംസാരത്തിന് ഒരു പൂര്‍ണ്ണ വിരാമം.മക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒവെര്‌റ്റൈമും ഡബിള്‍ ഡുട്ടിയും എടുത്ത ഒരാള്‍ക്ക് വന്ന  ഗതി ഓര്‍ത്തു ഞാന്‍ എന്നോട് തന്നെ ചോദിച്ചു

”  സ്മൃതിഭ്രംശം ആര്‍ക്കാണ് അച്ഛനോ അതോ മകനോ?”